Pages

Wednesday, August 22, 2007

ഇന്നലെയ്ക്കും നാളെയ്ക്കുമിടയില്‍

ഇന്നലെയ്ക്കും നാളെയ്ക്കുമിടയില്‍

പാശ്ചാത്യനാടുകളില്‍ തലമുറകളായി കൈമാറപ്പെടുന്ന ഒരു മുത്തശ്ശിക്കഥ:


വൃദ്ധയായ ഒരു സ്ത്രീ. അവരുടെ ഭര്‍ത്താവു മരിച്ചു. അവര്‍ക്കു പിന്നെ ആലംബമായി ഉണ്ടായിരുന്നത് ഒരേയൊരു മകന്‍ മാത്രം. പക്ഷേ, ആ മകന്‍ കുറേയകലെഒരിടത്തു ഭാര്യയും മൂന്നുവയസുള്ള പുത്രിയുമൊരുമിച്ചു താമസിക്കുകയായിരുന്നു.തനിയെയുള്ള താമസം ഏറെ ബുദ്ധിമുട്ടായപ്പോള്‍ വൃദ്ധ മകന്റെ വീട്ടില്‍ അഭയം തേടി. ആദ്യമൊക്കെ മകനും മരുമകള്‍ക്കും വൃദ്ധയോടു താല്‍പര്യമായിരുന്നു. കൊച്ചുമകള്‍ക്കാണെങ്കില്‍ വൃദ്ധയോട് അതീവ സ്നേഹവുമായിരുന്നു.എന്നാല്‍ കാലം കുറെ കഴിഞ്ഞതോടുകൂടി വൃദ്ധയുടെ ആരോഗ്യം വളരെ മോശമായി. കാഴ്ച കുറഞ്ഞു. കേള്‍വിയും ബുദ്ധിമുട്ടായി. കൈകള്‍ക്കാണെങ്കില്‍ വല്ലാത്ത വിറയലും.ഒരു ദിവസം എല്ലാവരുമൊരുമിച്ചു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ വൃദ്ധയുടെ കൈകൊണ്ടു സൂപ്പുപാത്രം മറിഞ്ഞു. സൂപ്പു തെറിച്ചുവീണതാകട്ടെ മരുമകളുടെ വസ്ത്രത്തിലും. മകനും മരുമകളും അപ്പോള്‍ ഒന്നും പറഞ്ഞില്ല. എന്നാല്‍,അതുമുതല്‍ ഭക്ഷണസമയത്ത് വൃദ്ധയെ അവര്‍ കൂടെയിരുത്തിയില്ല. അതിനുപകരം മുറിയുടെ ഒരു മൂലയില്‍ വേറൊരു ചെറിയ ഭക്ഷണമേശ ഒരുക്കി വൃദ്ധയെ തനിയെ അവിടെയിരുത്തി, ഭക്ഷണം വിളമ്പിക്കൊടുത്തു. അതിനുശേഷം പതിവുപോലെ മകനും മരുമകളും ഒരുമിച്ചിരുന്നു വര്‍ത്തമാനം പറഞ്ഞു ഭക്ഷണം കഴിക്കുകയും ചെയ്തു.കുറെ ദിവസം കഴിഞ്ഞപ്പോള്‍ അവരുടെ പുത്രി നിലത്തിരുന്നു കടലാസുകൊണ്ട് എന്തോ ഉണ്ടാക്കുകയായിരുന്നു. അപ്പോള്‍ വൃദ്ധയുടെ മകന്‍ സ്നേഹപൂര്‍വം തന്റെ മകളോടു ചോദിച്ചു: "മോള്‍ എന്താണ് ഉണ്ടാക്കുന്നത്?'' അപ്പോള്‍ ആകുരുന്നുപൈതല്‍ പറഞ്ഞു: "ഞാനൊരു മേശയും കസേരയും ഉണ്ടാക്കുകയാണ്.''അയാള്‍ ചോദിച്ചു: "എന്തിനാണു മോളേ, നീ മേശയും കസേരയും ഉണ്ടാക്കുന്നത്?'' ഉടനേ അവള്‍ പറഞ്ഞു: "ഞാന്‍ ഡാഡിക്കും മമ്മിക്കും വേണ്ടിയാണ് മേശയും കസേരയും ഉണ്ടാക്കുന്നത്. ഞാന്‍ വലുതാകുമ്പോള്‍ നിങ്ങള്‍ മുറിയുടെമൂലയില്‍ തനിച്ചായിരിക്കുകയില്ലേ ഇരിക്കുന്നത്? അപ്പോള്‍ നിങ്ങള്‍ക്കു മേശയും കസേരയും വേണ്ടിവരുമല്ലോ.''മകളുടെ മറുപടി കേട്ട അയാള്‍ ഷോക്കടിച്ചതുപോലെ തരിച്ചിരുന്നുപോയി. അല്പം കഴിഞ്ഞപ്പോള്‍ ഭാര്യ അടുത്തുവന്നു. ഓമനപ്പുത്രിയുടെ മറുപടി അവരും കേട്ടിരുന്നു.നിമിഷംകൊണ്ടാണ് പിന്നെ എല്ലാക്കാര്യങ്ങള്‍ക്കും മാറ്റം വന്നത്. മകനും മകളും വൃദ്ധയുടെ അരികിലേക്കോടി. വൃദ്ധയുടെ ആരോഗ്യകാര്യവും മറ്റും സ്നേഹപൂര്‍വം അന്വേഷിച്ചു. അവര്‍ പിന്നീടു ഭക്ഷണം കഴിക്കുമ്പോള്‍ വൃദ്ധയുംഅവരോടൊപ്പമുണ്ടായിരുന്നു. വൃദ്ധയ്ക്കുവേണ്ടി നേരത്തേ മാറ്റിയിട്ടിരുന്ന ഭക്ഷണമേശ അവിടെ പിന്നെ കാണുകയേ ഉണ്ടായില്ല.പ്രായംചെന്ന മാതാപിതാക്കള്‍ പലപ്പോഴും മക്കള്‍ക്കു ഭാരമാണ്. പ്രായാധിക്യം മൂലമുണ്ടാകുന്ന അസുഖങ്ങളും ഓര്‍മക്കുറവും കേള്‍വിക്കുറവുമൊക്കെ ഈ ഭാരം വര്‍ധിപ്പിക്കുന്നു. എന്നാല്‍, തങ്ങള്‍ക്കു ബുദ്ധിമുട്ടാണെന്നു കരുതി മാതാപിതാക്കളെ മറക്കുന്നതു ശരിയാണോ? കൊച്ചുന്നാള്‍മുതല്‍ തങ്ങളെ പോറ്റിവളര്‍ത്തിയ മാതാപിതാക്കളെ സംരക്ഷിക്കേണ്ട ചുമതല മക്കള്‍ക്കില്ലേ?പ്രായംചെന്ന മാതാപിതാക്കളെ അന്വേഷിക്കുന്ന കാര്യത്തില്‍, പാശ്ചാത്യരോടു തുലനം ചെയ്താല്‍ നാം ഏറെ മെച്ചമാണ്. പ്രായംചെന്നവരെ നഴ്സിംഗ് ഹോമുകളിലാക്കി അടച്ചുപൂട്ടിയിടുന്ന രീതി നമുക്കില്ല. എന്നിരുന്നാലും നമ്മുടെ പ്രായംചെന്നമാതാപിതാക്കള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന സ്നേഹവും ശുശ്രൂഷയുമൊക്കെ ലഭിക്കുന്നുണ്േടാ?നാം ചെറുപ്പമായിരിക്കുമ്പോള്‍ സ്വാഭാവികമായും നമ്മുടെ ആരോഗ്യം മെച്ചപ്പെട്ടിരിക്കും. എന്നാല്‍ എന്നും നമ്മുടെ ആരോഗ്യം മെച്ചപ്പെട്ടിരിക്കുമോ? പ്രായം ചെല്ലുന്തോറും നമ്മുടെ ആരോഗ്യത്തിനു കോട്ടംതട്ടുകയില്ലേ? അസുഖങ്ങള്‍ഒന്നൊന്നായി നമുക്കും ഉണ്ടാവില്ലേ? അപ്പോള്‍ നമുക്കും വേണ്ടിവരില്ലേ അന്യരുടെ സഹായം?മുകളില്‍ കൊടുത്തിരിക്കുന്ന മുത്തശ്ശിക്കഥയിലെ മകനും മരുമകളും തീര്‍ത്തും ഹൃദയശൂന്യരായ മനുഷ്യരായിരുന്നില്ല. അവര്‍ ആ വൃദ്ധയ്ക്കുവേണ്ടി കുറെയൊക്കെ ചെയ്യുവാന്‍ സന്മനസായി.

കടപ്പാട്: ദീപിക .കോം

Tuesday, August 21, 2007

വിവാഹത്തിന് തയ്യാറെടുക്കുമ്പോള്‍


ഡോ. എ. ബഷീര്‍കുട്ടി
ജീവികളെയെല്ലാം ഇണകളായാണല്ലോ സൃഷ്ടിച്ചിരിക്കുന്നത്. അവയുടെ സന്തോഷവും ക്ഷേമവും വംശവര്‍ധനയുമാണ് ഇങ്ങനെ സൃഷ്ടിച്ചിരിക്കുന്നതിന്റെ പ്രധാന ഉദ്ദേശ്യം. ഇണചേരുന്നതില്‍ ഇതര ജീവികള്‍ക്ക് പ്രത്യേക നിബന്ധനകളോ ചിട്ടകളോ ഇല്ലെങ്കിലും മനുഷ്യന്‍ തന്റെ മഹിതമായ അവസ്ഥക്കൊത്ത മാര്‍ഗം മാത്രമേ അവലംബിക്കാറുള്ളൂ. വിവാഹം, കുടുംബജീവിതം തുടങ്ങിയ സാമൂഹിക വ്യവസ്ഥിതികളില്‍ മനുഷ്യന്‍ എത്തിനില്‍ക്കുന്നതും അവന്റെ ഉയര്‍ന്ന ചിന്താധാരകൊണ്ടുതന്നെയാണ്.
വിവാഹം എന്നത് കേവലം ഒരു ചടങ്ങ് മാത്രമല്ല. തുടര്‍ന്നുള്ള കാലഘട്ടത്തില്‍ ദമ്പതികള്‍ക്ക് ചില കാര്യങ്ങളില്‍ അന്നുവരെയില്ലാതിരുന്ന സ്വാതന്ത്ര്യവും അംഗീകാരവും കിട്ടുന്നതോടൊപ്പം പുതിയ ചില ചുമതലകള്‍ വന്ന് ചേരുകയും ചെയ്യുന്നു. പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം അത് ഏറെ പ്രസക്തവുമാണ്.
വിവാഹജീവിതത്തിന് മറ്റെന്തിനെക്കാളും പ്രാധാന്യമുള്ളതുകൊണ്ട് ഭാവിവരനെ തെരഞ്ഞെടുക്കുന്നതില്‍ സ്വന്തം താല്‍പര്യങ്ങള്‍ കഴിയുന്നതും മുറുകെപ്പിടിക്കാന്‍തന്നെ പെണ്‍കുട്ടികള്‍ ശ്രമിക്കണം. അയാളുടെ പ്രായം, വിദ്യാഭ്യാസയോഗ്യത, തൊഴില്‍, സൌന്ദര്യം, കുടുംബപശ്ചാത്തലം തുടങ്ങിയ കാര്യങ്ങളില്‍ ഒരു ധാരണയുണ്ടാവുകയും വേണം. അതുപോലെ അയാള്‍ക്കെന്തെങ്കിലും ദുഃശീലമുണ്ടെങ്കില്‍ അതുമായി എത്രത്തോളം പൊരുത്തപ്പെടാന്‍ കഴിയുമെന്നൊക്കെ വിലയിരുത്തുകയുമാവാം. ഇപ്പറഞ്ഞ പ്രധാന കാര്യങ്ങളില്‍ ചിലതിലൊക്കെ എന്തെങ്കിലും വിട്ടുവീഴ്ച ചെയ്യാമെങ്കിലും മിക്കതും തൃണവല്‍ഗണിച്ച് മറ്റുള്ളവര്‍ക്കുവേണ്ടി വിവാഹജീവിതത്തിലേക്ക് ചുവടു വയ്ക്കാന്‍ പെണ്‍കുട്ടികള്‍ ശ്രമിക്കരുത്. അത് ആത്മവഞ്ചനയാണ്. ഒരു സന്തുഷ്ടമായ ദാമ്പത്യജീവിതത്തിന് അത് തടസ്സമായെന്നു വരും.

മാനസിക പ്രശ്നങ്ങള്‍
ചില പെണ്‍കുട്ടികള്‍ മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍മൂലം വിവാഹബന്ധത്തിലേക്കു കടക്കാന്‍ മടികാട്ടും. എങ്കിലും മറ്റുള്ളവരുടെ പ്രേരണയാലോ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താലോ വിവാഹജീവിതത്തിലേക്ക് എത്തിപ്പെടുകയും പ്രശ്നങ്ങള്‍ ക്ഷണിച്ചുവരുത്തുകയും ചെയ്യും.വിവാഹദിവസം മറ്റുള്ളവരുടെ ശ്രദ്ധാവലയത്തില്‍ എങ്ങനെ കഴിച്ചുകൂട്ടുമെന്ന ചിന്തകൊണ്ടുള്ള ഭയമാവും ചിലരുടെ പ്രശ്നമെങ്കില്‍, വിവാഹജീവിതം തന്നെ ഇഷ്ടമില്ലാത്തതാവും മറ്റു ചിലരുടേത്. പുരുഷവര്‍ഗത്തെ ഭയം, ലൈംഗികബന്ധം എങ്ങനെ സാദ്ധ്യമാവുമെന്ന ചിന്തയാലും സംശയത്താലുമുള്ള പ്രശ്നങ്ങള്‍, ഗര്‍ഭധാരണത്തെയും പ്രസവമെന്ന പ്രക്രിയയെയും അമിതമായി ഭയപ്പെടുക, സ്വവര്‍ഗപ്രണയിനിയായതുകൊണ്ട് പുരുഷവര്‍ഗത്തോട് ലൈംഗികമായ യാതൊരു വികാരമോ താല്‍പര്യമോ ഇല്ലാതിരിക്കുക തുടങ്ങിയവ മറ്റു ചില പ്രശ്നങ്ങളാണ്. ചിലര്‍ക്കാണെങ്കില്‍ ഏതു പ്രവൃത്തി ചെയ്യുമ്പോഴും അമിതമായ സംഭ്രമം ആകുലത എന്നിവയാല്‍ ബുദ്ധിമുട്ടനുഭവപ്പെടും. അത്തരക്കാരും വിവാഹജീവിതത്തിന് താല്‍പര്യമുണ്ടെങ്കിലും വേണ്ടാ എന്നുപറഞ്ഞ് ഒഴിഞ്ഞുമാറാറുണ്ട്.
ഇങ്ങനെയുള്ള ഏതെങ്കിലും പ്രശ്നങ്ങള്‍ ഉള്ളവര്‍ നാണക്കേടാലും കുറ്റബോധത്താലും അവ പുറത്തു പറയാതെ കൊണ്ടു നടന്നെന്നുവരും. മാത്രമല്ല ഇതൊക്കെ മറ്റാര്‍ക്കും ഇല്ലാത്ത അത്ഭുത പ്രതിഭാസമാണെന്നും കരുതിവയ്ക്കും. എന്നാല്‍ ഈവക പ്രശ്നങ്ങളൊക്കെ ചികിത്സിച്ച് മാറ്റാന്‍ കഴിയുന്നതാണെന്നതാണ് വസ്തുത.
വിദ്യാസമ്പന്നയായ ഒരു പെണ്‍കുട്ടി വിവാഹശേഷം ഭര്‍ത്താവുമൊത്ത് യാത്രചെയ്യുമ്പോള്‍ അവരുടെ കാറിന്റെ എയര്‍കണ്ടീഷണര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി ചില്ല് അടച്ചിടാന്‍ സമ്മതിച്ചിരുന്നില്ല. ഭര്‍ത്താവ് ദിവസങ്ങളോളം പലരീതിയില്‍ ആവശ്യപ്പെട്ടിട്ടും അവള്‍ ചില്ല് തുറന്നുവെച്ചു മാത്രമേ യാത്ര ചെയ്യാന്‍ കൂട്ടാക്കിയുള്ളു. ഇതിന്റെ പേരില്‍ രണ്ടാഴ്ചമാത്രം ദൈര്‍ഘ്യമുള്ള ദാമ്പത്യബന്ധത്തില്‍ നേരിയ പോറല്‍ വീഴുകയും ചെയ്തു.
അതിനിടയിലാണ് ഒരു ദിവസം ഈ ദമ്പതികള്‍ മറ്റു കുടുംബാംഗങ്ങളോടൊപ്പം ഒരു രോഗിയെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലെത്തിയത്. അവിടെ രോഗി അഞ്ചാം നിലയിലാണ് കഴിയുന്നത്. എല്ലാവരും അങ്ങോട്ട് പോകാനായി ലിഫ്റ്റില്‍ കയറി. എന്നാല്‍ നവവധു മാത്രം അതിനുള്ളില്‍ കയറുന്നില്ല. ഭര്‍ത്താവും അയാളുടെ അച്ഛനും അമ്മയുമൊക്കെ പറഞ്ഞിട്ടും അവള്‍ വല്ലാത്ത നിര്‍ബന്ധത്തോടും വാശിയോടും മാറിനിന്നതേയുള്ളൂ. അതിനു ശേഷം നിര്‍ത്താതെ കരയാനും തുടങ്ങി. അന്നത്തെ അപക്വമായ പെരുമാറ്റം കൂടിയായപ്പോഴാണ് അവളെ മനഃശാസ്ത്ര വിശകലനത്തിന് വിധേയയാക്കിയത്.
പരിശോധനയില്‍ അവള്‍ക്ക് ഗൌരവമായ മാനസികരോഗമൊന്നുമുണ്ടായിരുന്നില്ല. മറിച്ച് ഒരുതരം ഫോബിയ എന്ന മാനസികപ്രശ്നമായിരുന്നു. അതിന്റെ ഫലമായി ഗ്ലാസും ഷട്ടറുമൊക്കെ അടച്ചിട്ടോടുന്ന കാറ്, ബസ്സ് എന്നിവയില്‍ യാത്ര ചെയ്യാന്‍ സാധിച്ചിരുന്നില്ല. ലിഫ്റ്റില്‍ കയറുന്നത് ഓര്‍ക്കാനേവയ്യ. ലിമിറ്റഡ് സ്റ്റോപ്പ് ബസ്, എക്സ്പ്രസ് തീവണ്ടി, വിമാനം എന്നിവയില്‍ യാത്ര ചെയ്യുന്നതും പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ ഇത് വലിയ മാനസികത്തകരാറാണെന്നും മറ്റാര്‍ക്കും ഇല്ലാത്ത ഒന്നാണെന്നും അവള്‍ കരുതിപ്പോന്നു. അതുകൊണ്ട് മറ്റാരും അറിയാതിരിക്കാന്‍ അവള്‍ പ്രത്യേകം ശ്രദ്ധിച്ചതുകൊണ്ടാണ് വിവാഹത്തിനു മുമ്പ് ചികിത്സ തേടാതിരുന്നത്.
തയ്യാറെടുപ്പുകള്‍
വിവാഹം നിശ്ചയിച്ചു കഴിഞ്ഞാല്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും വല്ലപ്പോഴുമൊന്ന് കാണുന്നതും ഫോണിലൂടെ സംസാരിക്കുന്നതുമൊക്കെ നല്ലതാണ്. എല്ലാറ്റിനും ഒരു നിയന്ത്രണം പാലിക്കണമെന്നേയുള്ളു. അതുപോലെ ചെറുക്കന്റെ വീട്ടുകാരുമായും കഴിയുമെങ്കില്‍ പെണ്‍കുട്ടി കുറച്ചൊക്കെ ഇടപെടുന്നതും നല്ലതാണ്. വിവാഹാനന്തരം പുതിയ വീട്ടില്‍ കൂടുതല്‍ സ്വാഭാവികമായി ഇടപെടാന്‍ ഇതുസഹായിക്കും. വിവാഹിതയാവാന്‍ പോകുന്ന പെണ്‍കുട്ടിക്ക് പുതിയ സാഹചര്യത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ കുറച്ചൊക്കെ പരിഭ്രമം ഉണ്ടാവുന്നത് സ്വാഭാവികമാണ്.
അതുപോലെ, വന്നുകയറുന്നത് എങ്ങനെയുള്ളവളായിരിക്കുമെന്ന ചിന്തയില്‍ ഭാവിവരനും അയാളുടെ വീട്ടുകാര്‍ക്കും നേരി യപരിഭ്രമം ഉണ്ടാവുമെന്നുമറിയുക.ഭര്‍ത്തൃഭവനത്തിലെ പുതിയസാഹചര്യവുമായി ഇഴുകിച്ചേരാന്‍ നവവധുവിന് കഴിയണം. സ്വന്തം വീട്ടില്‍ അനുഭവിച്ചിരുന്നതില്‍നിന്ന് വ്യത്യസ്തമായ സൌകര്യങ്ങളാവും അവിടെയുണ്ടാകുക. അതുകൊണ്ട് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാവുന്ന മനസുമായി മാ ത്രമേ പുതിയ വീട്ടില്‍ കടക്കാവൂ. ഹോസ്റ്റലുകളില്‍ താമസിച്ച് പരിചയമുള്ളവര്‍, മറ്റു വീടുകളില്‍ അതിഥിയായി കഴിഞ്ഞിട്ടുള്ളവര്‍, അതിഥികളെ സല്‍ക്കരിച്ചിട്ടുള്ളവര്‍ എന്നിവര്‍ വരന്റെ വീട്ടില്‍ വേഗം അഡ്ജസ്റ്റ് ചെയ്യുന്നതായി കണ്ടുവരുന്നു. ഭാര്യ, മരുമകള്‍ തുടങ്ങിയ പുതിയ സ്ഥാനങ്ങളില്‍ വന്നുചേര്‍ന്നിട്ടുള്ള ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാവുകയും അതിനുള്ള ആത്മവിശ്വാസമുണ്ടാവുകയും വേണം. അഥവാ അതൊക്കെ ആദ്യം ബുദ്ധിമുട്ടായി തോന്നിയാലും ക്രമേണ പരിശ്രമത്തിലൂടെ എല്ലാം സാദ്ധ്യമാവുമെന്ന മനോഭാവത്തോടെ മുന്നേറണം. ആകുലതയോ പരിഭ്രമാധിക്യമോ ഇല്ലാതെ ശാന്തമായി, ക്ഷമയോടെ ഓരോ കാര്യങ്ങള്‍ മനസിലാക്കാനും വേണ്ടത് പ്രവര്‍ത്തിക്കാനും ശ്രമിക്കണം. സത്യസന്ധത, ക്ഷമ, സഹനശക്തി,ആത്മവിശ്വാസം, അന്യരെ അംഗീകരിക്കാനുള്ള മനസ്സ് എന്നീ ഗുണങ്ങളുള്ള ഒരു പെണ്‍കുട്ടിക്ക് ഏതു സാഹചര്യത്തിലും എളുപ്പം അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയും.

ലൈംഗികമായ അറിവ്
ലൈംഗികമായ അറിവ് നേടുകയെന്നത് വിവാഹിതയാവുന്ന പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമായ ഒന്നാണ്. ഗര്‍ഭാശയത്തെക്കുറിച്ചും അതിന്റെ പ്ര വര്‍ത്തനരീതിയെക്കുറിച്ചും ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളെക്കുറിച്ചുമൊക്കെ ഒരു സാമാന്യബോധമുണ്ടായിരിക്കണം.
ലൈംഗികതാല്‍പര്യങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ പുരുഷന്‍ ഏറെ വ്യത്യസ്തനാണ്. അതുകൊണ്ടുതന്നെ പുരുഷലൈംഗികാവയവങ്ങളുടെ ഘടനയെക്കുറിച്ചും പ്രവര്‍ത്തനത്തെക്കുറിച്ചും അറിഞ്ഞിരിക്കണം. സ്ത്രീ സുരക്ഷിതബോധത്തോടെയും ശാന്തസ്വഭാവത്തിലും ശൃംഗാരരൂപേണയും ലൈംഗികതയാസ്വദിക്കാനാഗ്രഹിക്കുമ്പോള്‍ പുരുഷന്‍ പലപ്പോഴും ധൃതിയാലും വികാരവിസ്ഫോടനത്താലും പരാക്രമണവാസനയോടെയാവും സെക്സിനെ സമീപിക്കുന്നത്. പുരുഷനും സ്ത്രീയും തമ്മിലുള്ള വ്യത്യാസം ബീജാണുവില്‍പോലും പ്രകടമാണ്. സദാ ഇളകിക്കൊണ്ടിരിക്കുന്ന വാലോടു കൂടിയതാണ് പുരുഷബീജാണുക്കള്‍. സ്ത്രീബീജത്തെ അപേക്ഷിച്ച് ചെറുതാണെങ്കിലും ഊര്‍ജസ്വലതയും വേഗം കുതിക്കുന്ന പ്രകൃതവുമാണ് അവയ്ക്കുള്ളത്.
എന്നാല്‍ സ്ത്രീബീജങ്ങള്‍ ചലനമില്ലാതെ പുരുഷബീജത്തെ സ്വീകരിക്കാന്‍ പാകത്തില്‍ ഒരിടത്ത് നിശ്ചലമായിരിക്കാറാണ് പതിവ്. പ്രമുഖ ലൈംഗികശാസ്ത്രജ്ഞനായ ഹാവ്ലോക് എല്ലിസ് പുരുഷന്റേയും സ്ത്രീയുടെയും ലൈംഗികത അവരുടെ ശാരീരികവും മാനസികവുമായ പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നത് ഇങ്ങനെയാണ്. ''പുരുഷന്‍ അവന്റെ കൈവിരല്‍തുമ്പുവരെ പുരുഷന്‍ തന്നെയാണ്; സ്ത്രീ അവളുടെ കാല്‍വിരല്‍ത്തുമ്പുവരെ സ്ത്രീയും.''

നവവരന്‍ ആദ്യരാത്രി തന്നെ ചിലപ്പോള്‍ പരാക്രമണ സ്വഭാവത്തോടെ ലൈംഗികവേഴ്ചയ്ക്ക് സമീപിച്ചെന്നു വരാം. സമാധാനമായി സല്ലപിച്ച് മാത്രം കണ്ടിട്ടുള്ള മണവാളന് ഇങ്ങനെയൊരു മുഖമുണ്ടെന്നറിയുമ്പോള്‍ പെണ്‍കുട്ടി ഞെട്ടാനുമിടയുണ്ട്. ഇതും പുരുഷലൈംഗികതയുടെ ഭാഗമാണെന്നവള്‍ അറിയണം. അതുപോലെ അവന് രതിമൂര്‍ച്ഛയോടുകൂടി ശുക്ലസ്രാവമുണ്ടാവുകയും ലൈം ഗിക ഊര്‍ജസ്വലത പെട്ടെന്ന് മന്ദീഭവിക്കുകയും ചെയ്യും. വീണ്ടും ശുക്ലോല്‍പാദനത്തോടുകൂടി മാത്രമേ അത് വീണ്ടെടുക്കുകയുള്ളൂ. എന്നാല്‍ സ്ത്രീയെ സംബന്ധിച്ചിടത്തോളം അവള്‍ രതിമൂര്‍ച്ഛയിലെത്തിക്കഴിഞ്ഞാലും പെട്ടെന്ന് ക്ഷീണിച്ച് മാറിയെന്നുവരില്ല. കാരണം അവളുടെ ലൈംഗികത കൂടുതലും പുരുഷന്റെ സ്നേഹത്തിലും വാത്സല്യത്തിലും അംഗീകാരത്തിലും അധിഷ്ഠിതമാണ്. മാത്രമല്ല, സ്ത്രീക്ക് എല്ലാ ബന്ധത്തിലും രതിമൂര്‍ച്ഛ ഉണ്ടായിക്കൊള്ളണമെന്ന് നിര്‍ബന്ധവുമില്ല.
ചില പെണ്‍കുട്ടികളില്‍ ലൈംഗികബന്ധത്തിന് ശ്രമിക്കുമ്പോള്‍ അവരുടെ യോനീമുഖം വല്ലാതെ വലിഞ്ഞ് മുറുകി ലിംഗപ്രവേശം അസാധ്യമാക്കുംവിധത്തില്‍ അടഞ്ഞുപോകുന്ന ഒരവസ്ഥയുണ്ടാവാം. ഇതിനെ വെജൈനിസം എന്നു പറയും. ലിംഗസന്നിവേശത്തിനു ശ്രമിക്കുമ്പോള്‍ വല്ലാ ത്തവേദനയും നേരിയ മുറിവുകളും ഉണ്ടാവുകയും ചെയ്യും. മാനസിക കാരണങ്ങളാണ് മുഖ്യമായി ഇതിനു പിന്നിലുണ്ടാവുക. ഇതെല്ലാം ചികിത്സിച്ച് മാറ്റാവുന്ന ചെറിയ പ്രശ്നങ്ങളാണെന്ന് മനസിലാക്കണം. അല്ലാതെ ദാമ്പത്യജീവിതം നയിക്കാന്‍ പ്രാപ്തിയില്ലാത്ത വ്യക്തിയാണെന്ന ധാരണയില്‍ വിഷമിച്ച് ആത്മഹത്യയെക്കുറിച്ച് ചിന്തിക്കയൊന്നും വേണ്ട. അതുപോലെ ഈപ്രശ്നമുള്ള പെണ്‍കുട്ടിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ച് അതിന് കഴിയാതെ വരുമ്പോള്‍ തന്റെ കഴിവില്ലായ്മകൊണ്ടാണ് ബന്ധപ്പെടാന്‍ കഴിയാതെപോയതെന്ന അനുമാനത്തില്‍ ഭര്‍ത്താവ് നിരാശനായി കൂടുതല്‍ പ്രശ്നങ്ങള്‍ ക്ഷണിച്ചുവരുത്തിയെന്നും വരാം.
ദാമ്പത്യത്തിന്റെ ആദ്യനാളുകളില്‍ മിക്ക പുരുഷന്മാര്‍ക്കും ലൈംഗികപരമായ ചെറിയ തളര്‍ച്ച, ശേഷിക്കുറവ്, ശീഘ്രസ്ഖലനം തുടങ്ങിയവ അനുഭവപ്പെട്ടെന്നു വരാം. ഇതൊക്കെ താല്‍ക്കാലികമായ അനുഭവങ്ങളാണെങ്കിലും പുരുഷന് നേരിയ വിഷമമൊക്കെയുണ്ടായെന്നും വരും. എന്നാല്‍ ഈ വിഷയം മനസിലാക്കുന്ന ഭാര്യ,ഒരിക്കലും കുറ്റപ്പെടുത്തുകയോ കളിയാക്കുകയോ ചെയ്യരുത്. മറിച്ച് ഭര്‍ത്താവിന്റെ ആത്മവിശ്വാസം നഷ്ടപ്പെടാതിരിക്കാന്‍ ശ്രമിക്കയാണ് വേണ്ടത്. അതുപോലെ ശുക്ലം ദേഹത്ത് പറ്റുന്നതോ അതു കാണുന്നതുപോലും ഇഷ്ടമില്ലാത്ത ചില പെണ്‍കുട്ടികളുണ്ട്. അവര്‍ ഇങ്ങനെയുള്ള നിര്‍ബന്ധം വച്ചു പുലര്‍ത്തുന്നതു വഴി പുരുഷന് ലൈംഗികാഭിനിവേശം ശക്തമായാല്‍പോലും ഭാര്യയുമായി ബന്ധപ്പെടാന്‍ തോന്നാതിരിക്കുന്ന അവസ്ഥ ക്രമേണ സംജാതമായെന്നും വരാം. ഇതെല്ലാം ശരിയായ ലൈം ഗികജീവിതത്തെ പ്രതികൂലമായി ബാധിക്കു ന്ന ഘടകങ്ങളാണ്.
ഗര്‍ഭിണിയാവുന്നതെപ്പോള്‍?
ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വേണ്ടത്ര അറിവൊന്നും വിദ്യാസമ്പന്നരായ പല പുരുഷന്മാരില്‍പ്പോലും ഉണ്ടായിക്കൊള്ളണമെന്നില്ല. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് ഈ വിഷയത്തില്‍ ആവശ്യത്തിനറിവുണ്ടാവുമെന്നാവും അവരുടെ ധാരണ. അതു കൊണ്ടാണ് പലരും താല്‍പര്യമില്ലെങ്കിലും പെട്ടെന്ന് ഗര്‍ഭിണിയായിപ്പോകുന്നത്. അതുകൊണ്ട് ഈ വിഷയത്തെക്കുറിച്ച് പെണ്‍കുട്ടികള്‍ കഴിയുന്നത്ര അറിവ് സമ്പാദിക്കണം.

വിവാഹസമയത്ത് പെണ്‍കുട്ടിക്ക് 26 വയസിനു മുകളില്‍ പ്രായമില്ലെങ്കില്‍ ഒരു വര്‍ഷം കഴിഞ്ഞ് ഗര്‍ഭിണിയാവുന്നതാണ് നല്ലത്. അതിനുള്ളില്‍ ദമ്പതികള്‍ക്ക് പരസ്പരംകൂടുതല്‍ മനസിലാക്കാനും സ്നേഹിക്കാനും മധുവിധു മനോഹരമാക്കാനും കഴിയും. മാത്രമല്ല, വിവാഹം കഴിഞ്ഞ ഉടനെ ഗര്‍ഭിണിയാവുമ്പോള്‍ അതുള്‍ക്കൊള്ളാന്‍ പലര്‍ക്കും ബുദ്ധിമുട്ടു തോന്നാം. അതോടൊപ്പം മറ്റുള്ളവരെ അഭിമുഖീകരിക്കാനും വിഷമിച്ചെന്നു വരാം. ഒരു വര്‍ഷത്തിനു ശേഷം ഗര്‍ഭം ധരിക്കുന്നതു വഴി ആ സമയത്തുള്ള പരിചരണത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കാനും ഒരമ്മയുടെ കടമ ഉള്‍ക്കൊള്ളാനും കൂടുതല്‍ കഴിയുന്നു. അതുവഴി പിറക്കുന്ന കുഞ്ഞിന് കൂടുതല്‍ ആരോഗ്യകരമായ പരിചരണം കൊടുക്കാനും കഴിയും.
പീഡനം... പീഡനം
ലൈംഗികപീഡനങ്ങളുടെ കാലമാണല്ലോ ഇത്. ജീവിതത്തില്‍ എപ്പോഴെങ്കിലും ലൈംഗികപീഡനത്തിനോ അതുപോലുള്ള ശല്യത്തിനോ ഇരയായിട്ടുള്ള ചില പെണ്‍കുട്ടികള്‍ വിവാഹത്തിന് സമ്മതിക്കുന്നതുതന്നെ മനസ്സില്ലാമനസ്സോടെയാവും. വിവാഹം കഴിഞ്ഞാല്‍ത്തന്നെ പെട്ടെന്നൊന്നും ലൈംഗികബന്ധത്തിന് തയ്യാറായെന്നും വരില്ല. നശിച്ചുപോയെന്നും ചീത്തയായെന്നും കന്യകയല്ലെന്നും അതുകൊണ്ട് ഭര്‍ത്താവിനെവ ഞ്ചിക്കയാണെന്നുമാവും ഇങ്ങനെയുള്ള പെണ്‍കുട്ടികള്‍ അവരെക്കുറിച്ച് സ്വയം വിലയിരുത്തുക. ചിലര്‍ നിര്‍ബന്ധത്തിന് വഴങ്ങിയോ എല്ലാം മൂടിവെച്ചെന്ന ധാരണയാലോ ലൈംഗികബന്ധത്തിലേര്‍പ്പെട്ടാലും അത് വലിയ താല്‍പര്യമില്ലാതെ ഒരു വഴിപാടുപോലെയാവും നടത്തുക. ബസ്സിലോ കോളേജിലോ മറ്റു പൊതുസ്ഥലത്തോ ഒക്കെ വെച്ച് അനുഭവിക്കേണ്ടിവന്ന വളരെ നിസ്സാരവും അവഗണിക്കേണ്ടതുമായ കാര്യങ്ങളെ ചില പെണ്‍കുട്ടികള്‍ മറക്കാതെ കൊണ്ടുനടന്ന് മനസ്സ് അസ്വസ്ഥമാക്കും.
ചിലപ്പോള്‍ എന്തോ ആനക്കാര്യം സംഭവിച്ചിട്ടുണ്ടെന്ന രീതിയില്‍ ഭര്‍ത്താവിനോടു പറയുകയോ സൂചന കൊടുക്കുകയോ ചെയ്യും. അത് അയാളുടെ സ്വഭാവിക പെരുമാറ്റത്തേയും മോശമായി ബാധിക്കും. എന്നാല്‍ പീഡനകഥയുടെ പൊരുള്‍ വ്യക്തമായി മനസിലാക്കുമ്പോഴാവും ചിലപ്പോള്‍ ആരെങ്കിലും ബസിലോ തീവണ്ടിയിലോ വെച്ച് ഒന്നു തോണ്ടുകയോ കൊഞ്ഞനം കാട്ടുകയോ ചെയ്തെന്ന് വെളിപ്പെടുത്തുന്നത്.പെണ്‍കുട്ടികള്‍ ഒരു കാര്യം മനസിലാക്കണം, സ്വന്തം സമ്മതമില്ലാതെയോ താല്‍പര്യമില്ലാതെയോ ആരെങ്കിലും എന്തെങ്കിലും കാട്ടിക്കൂട്ടിയാല്‍ അതുമൂലം അവള്‍ക്ക് ഒ ന്നും നഷ്ടപ്പെടുന്നില്ല. മറ്റൊരാളുടെ മാനസികത്തകരാറു മൂലം സംഭവിച്ചുപോയ ഒരപകടം മാത്രമാണത് എന്നു കരുതണം.

ഡോ. എ. ബഷീര്‍കുട്ടി
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്,
മെഡിക്കല്‍ കോളേജ്,
തിരുവനന്തപുരം
അവലംബം: മാതൃഭൂമി ആരോഗ്യമാസിക